ഡോ. പി.കെ. രാധാമണിയ്ക്ക് ആദരം, പുസ്തക പ്രകാശനം
Date: 16/04/2024
കോഴിക്കോട്: ഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ചയിൽ സർഗ്ഗാത്മക സാഹിത്യത്തിനൊപ്പം വിവർത്തനത്തിനും വലിയ പങ്കുണ്ടന്ന് കാൺപൂരിൽ നിന്നുള്ള സിന്ധി എഴുത്തുകാരൻ സുന്ദർദാസ് വി ഗൊഹറാനി. വിവർത്തനം വിശ്വമാനവികതയെ പുഷ്ഠിപ്പെടുത്തുന്ന പ്രക്രിയയും പരിഭാഷകർ ഭാഷാ സേവനവും സാമൂഹ്യ സേവനവും ഒരുമിച്ച് നിർവ്വഹിക്കുന്നവരുമാണ്. വിവർത്തനം സർഗ്ഗാത്മക സൃഷ്ടിയെക്കാൾ ക്ലേശകരമാണെന്നും ഭാഷകളുടെ അറിവും സാംസ്കാരിക തുടുപ്പും കൃത്യമായി അറിയുമ്പോഴെ വിവർത്തനം ആകർഷകവും ഫലപ്രദവുമാകുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ ഡോ. പി.കെ.രാധാമണിയെ ആദരിക്കാൻ ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച പരിപാടിയും സിന്ധി കഥകളുടെ ഭാവ ലോകം എന്ന ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൊഹറാനിയും പി ഐ അജയനും സോ.രാധാമണിയ്ക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. ഭാഷാ സമന്വയ വേദി അംഗങ്ങൾ വിവർത്തനം ചെയ്ത “സിന്ധി കഥകൾ”, ഡോ.ഇ കെ. സ്വർണ്ണകുമാരി രചിച്ച ” വുമൺ ആൻഡ് ഹാർ സ്പെയ്സ്” എന്നീ കൃതികൾ ചടങ്ങിൽ സുന്ദർദാസ് വി.ഗൊഹറാനി പ്രകാശനം ചെയ്തു. ഡോ. ഒ. വാസവൻ, സഫിയ നരിമുക്കിൽ എന്നിവർ പുസ്തകത്തിൻ്റെ കോപ്പികൾ ഏറ്റുവാങ്ങി. ഡോ. ആർസു അധ്യക്ഷത വഹിച്ചു. രത്നമയി ദേവി ദീക്ഷിത് ,ഭാരതി വിദ്യാർഥി എന്നീ ആദ്യകാല വനിതാ വിവർത്തകരുടെ പാതയിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ സേവനമാണ് ഡോ.രാധാമണി അ നൂഷ്ഠിക്കുന്നതെന്നും അവരുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.ചെറിയ വ്യവഹാര മണ്ഡലങ്ങളുള്ള ഭാഷകളെ ദേശീയ ധാരയിലെത്തിക്കുക എന്നതിൻ്റെ ഭാഗമായാണ് ഭാഷാ സമന്വയ വേദി സിന്ധി കഥാസമാഹാരം മലയാളത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു. വേലായുധൻ പള്ളിക്കൽ സിന്ധി കഥകളെയും പി.ടി.രാജലക്ഷ്മി വുമൺ ആൻഡ് ഹാർ സ്പേയ്സ് എന്ന കൃതിയെയും പരിചയപ്പെടുത്തി.കെ.ജി രഘുനാഥ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഡോ. പി.കെ.രാധാമണി തൻ്റെ മറുപടി പ്രസംഗത്തിൽ ജീവിതത്തിലെ ഏകാന്ത നിമിഷങ്ങളിലെ വിഷമങ്ങൾ തരണം ചെയ്യാനുള്ള മാർഗ്ഗമായി തുടങ്ങിയ വിവർത്തനം പിന്നീടൊരു സാധനയായി മാറിയെന്ന് പറഞ്ഞു. എഴുത്തിനും വിവർത്തനത്തിനും ഭാഷാ സമന്വയ വേദി നൽകിയ പ്രോത്സാഹനത്തെ അവർ അനുസ്മരിച്ചു. ഡോ.ഇ. കെ. സ്വർണ്ണകുമാരി രചനാനുഭവങ്ങൾ പങ്കുവെച്ചു. .ഇന്ത്യാ ബുക്സിൻ്റെ ടി.കെ.സുധാകരൻ കോഴിക്കോട്ടെ ഗുജറാത്തി സാംസ്കാരിക പ്രവർത്തകൻ ആർ.ജയന്ത് കുമാർ, സിന്ധി സമാജം പ്രവർത്തകരായ ജഗദീശ് ലുല്ല, രൂപേഷ് മാക്കിജ, എന്നിവർ സുന്ദർദാസ് വി ഗൊഹറാനിയ്ക്കും ഡോ.രാധാമണിയ്ക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. ബി.എസ്.വി സെക്രട്ടറി ഡോ.ഒ വാസവൻ സ്വാഗതവും എൻ. പ്രസന്നകുമാരി നന്ദിയും രേഖപ്പെടുത്തി.ഡോ. സംഗീത അനീഷിൻ്റെ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. സിന്ധി കഥകളുടെ മലയാളം വിവർത്തകരെ സുന്ദർദാസ് ഗൊഹറാനി ഷാളണിയിച്ച് ആദരിച്ചു.