ഗീതാഞ്ജലിയെ വിലയിരുത്തിയും കവിതകളാലപിച്ചും ടാഗോർ ജയന്തി
Date: 07/05/2024
കോഴിക്കോട്: വിശ്വമാനവികതയുടെ മഹിമയും ഗരിമയും വളർത്തിയെടുത്ത ടാഗോറിൻ്റെ സ്മരണയിൽ ഭഷാസമന്വയ വേദി പൂർണ്ണ പബ്ലിഷേർസിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടാഗോർ ജയന്തി പരിപാടി നഗരത്തിന് വേറിട്ടൊരനുഭവമായി. ടാഗോറിൻ്റെ കവിതകൾ ബംഗാളി, മലയാളം, ഹിന്ദി ഭാഷകളിൽ ആലപിച്ചും ഗീതാഞ്ജലിയെ വിലയിരുത്തിയും സംഘടിപ്പിച്ച സ്മൃതി സദസ്സ് കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ ടാഗോറിനെ പോലെയുള്ള പൂർവ്വസൂരികളായ കവികളുടെ മനസ്സിലൂടെ അഭിരമിക്കണമെന്നും സംസ്കാരങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗീതാഞ്ജലിയിലൂടെ എന്ന വിഷയത്തിൽ ഡോ.ആർസു മുഖ്യ പ്രഭാഷണം നടത്തി. കോമള ഭാവനകളും ഉദാത്ത ചിന്തകളും മിസ്റ്റിസിസവും സമ്മേളിക്കുന്ന ത്രിവേണിയാണ് ടാഗോർ കവിതകളെന്ന് അദ്ദേഹം വിലയിരുത്തി.
ചടങ്ങിൽ ഡോ.ഒ.വാസവൻ അധ്യക്ഷനായിരുന്നു. സാഹിത്യത്തിലൂടെയും മറ്റു കർമ്മമേഖലകളിലൂടെയും ലോകത്തിന് മുമ്പിൽ ഉയർത്തി പിടിച്ച ഉദാത്തവും സമഗ്രവുമായ മാനവിക ദർശനമാണ് ടാഗോറിനെ വിശ്വ കവിയും വിശ്വപൗരനുമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. പി.കെ.രാധാമണി, ഡോ.കെ.വി.തോമസ് എന്നിവർ മഹാകവിയുടെ സാഹിത്യ സാംസ്കാരിക രംഗത്തെ സംഭാവനകളെ വിലയിരുത്തി സംസാരിച്ചു. ഗീതാഞ്ജലി കാരനൊരു കാവ്യാഞ്ജലി എന്ന പേരിൽ സംഘടിപ്പിച്ച കവി സമ്മേളനത്തിൽ ഡോ. ആമിന ഖാത്തൂൻ, കെ.വരദേശ്വരി, ശ്രീധരൻ ചെറുവണ്ണൂർ, ചേന്നൻ തുളസീദളം, ഡോ.എം.കെ.പ്രീത, ഡോ.സി.സേതുമാധവൻ, ഡോ.എം.കെ.അജിത കുമാരി, സഫിയ നരിമുക്കിൽ, കെ.എംവേണുഗോപാൽ ആലികുട്ടി മാസ്റ്റർ, എന്നിവർ സ്വന്തം കവിതകളും ടാഗോർ കവിതകളും അവതരിപ്പിച്ചു. കെ.എം.വേണുഗോപാൽ രചിച്ച സ്വപ്നസഖി എന്ന ഗാനം ഡോ.ആർസു പ്രകാശനം ചെയ്തു.
ആർ.രേണുകുമാരിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയ്ക്ക് വേലായുധൻ പള്ളിക്കൽ സ്വാഗതവും ഡോ.ഇ. മിനി കൃതജ്ഞതയും രേഖപ്പെടുത്തി.