ശതാഭിഷിക്തനാകുന്ന ജോബ് കാട്ടൂരിനെ ആദരിച്ചു

Date: 15/06/2024

കോഴിക്കോട്: ഇരുപത്തിയഞ്ചാം വയസ്സിൽ കോളേജധ്യാപകനായി കോഴിക്കോട്ടെത്തിയ തനിയ്ക്ക് ജീവൻ നൽകിയത് ഈ നഗരമാണന്നും ഇവിടുത്തെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ പങ്കാളിയാകാൻ കഴിഞ്ഞത് ജീവിതത്തിലെ വരദാനമാണന്നും  പ്രൊഫ. ജോബ് കാട്ടൂർ.കോഴിക്കോട് എൻ്റെയും ഞാൻ കോഴിക്കോടിൻെറതുമായി മാറി. എല്ലാ ഭാഷയും എൻ്റെ ഭാഷയാണന്ന് ചിന്തിക്കാൻ കഴിയുന്ന ദേശീയോദ്ഗ്രഥനത്തിൻ്റെ മഹത്തായ ദൗത്യം നിർവ്വഹിക്കുന്ന സാംസ്കാരിക സംഘടനയാണ് ഭാഷാ സമന്വയ വേദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശതാഭിഷിക്തനാകുന്ന അദ്ദേഹത്തെ ആദരിക്കാൻ ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജോബ് കാട്ടൂരിൻ്റെ വസതിയിൽ സംഘടിപ്പിച്ച ശതാഭിഷേക പ്രണാമം പരിപാടി കവി പി.പി. ശ്രീധരനുണ്ണി ഉദ് ഘാടനം ചെയ്തു.  സാമൂഹ്യബോധത്തിൻ്റെയും മാനവസ്നേഹത്തിൻ്റെയും ഔന്നത്യം ജോബ് കാട്ടൂരിൻ്റെ ജീവിതത്തെ ധന്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ഡോ. ആർസു അധ്യക്ഷനായിരുന്നു. ജീവിതത്തിൽ എപ്പോഴും സ്വന്തം നിലപാട് ഉയർത്തിപ്പിടിച്ച സാമൂഹ്യ പ്രവർത്തകൻ, സഹൃദയനായ കലാ സ്നേഹി, അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശോഭിച്ച പ്രൊഫ. ജോബ് കാട്ടൂരിൻ്റ ജീവിതാനുഭവങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കണമെന്നും ഭാഷാസമന്വയവേദി അതിനു വേണ്ട സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  ജോബ് കാട്ടൂരിന് അദ്ദേഹം പ്രശസ്തിപത്രം സമർപ്പിച്ചു. ഡോ. പി.കെ.രാധാമണി, എൻ.പ്രസന്നകുമാരി എന്നിവർ ഉപഹാരങ്ങൾ നൽകി.   പ്രൊഫ. പി. ജയേന്ദ്രൻ ,  ഡോ.സി.രാജേന്ദ്രൻ,  എം.എസ്. ബാലകൃഷ്ണൻ, ബാലചന്ദ്രൻ പുതുക്കുടി, കെ.ജി.രഘുനാഥ്, ദേവസ്യ ദേവഗിരി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പി.ഐ.അജയൻ പ്രൊഫ. ജോബ് കാട്ടൂരിൻ്റ ജീവിതരേഖ അവതരിപ്പിച്ചു. ഡോ.ഒ.വാസവൻ സ്വാഗതവും സഫിയ നരിമുക്കിൽ കൃതജ്ഞതയും രേഖപ്പെടുത്തി.