പുസ്തക പ്രകാശനവും ചെറുകഥാ ചർച്ചയും സംഘടിപ്പിച്ചു.

Date: 06/09/2024

കോഴിക്കോട്:  ഭാഷാ സമന്വയ വേദി അംഗങ്ങളായ വാരിജാക്ഷൻ ഇക്കഴിയൂർ രചിച്ച ശ്ലഥബിംബങ്ങൾ, ഡോ. എം.കെ അജിതകുമാരി പരിഭാഷപ്പെടുത്തി എഡിറ്റു ചെയ്ത 23 ഭാഷകൾ, കഥകൾ എന്നീ കൃതികൾ ഡോ.ആർസു, ഡോ. പി.കെ. രാധാമണി എന്നിവർ പ്രകാശനം ചെയ്തു. ഡോ. ഗോപി പുതുക്കോട്, ഡോ. ഒ. വാസവൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. ആർസു അധ്യക്ഷത വഹിച്ചു. ഓഡിയോ വീഡിയോയുഗത്തിലും പുസ്തകങ്ങൾ പുറത്തിറങ്ങുന്നുണ്ടന്നും ലിറ്റിൽ പബ്ലിഷേഴ്സിലൂടെ കാമ്പും കഴമ്പുമുള്ള കൃതികൾ വെളിച്ചം കാണുന്നുണ്ടന്നന്നും അദ്ദേഹം പറഞ്ഞു. ഡോ. സി. സേതുമാധവൻ, ഡോ. എം.കെ. പ്രീത എന്നിവർ പുസ്തക പരിചയം നടത്തി. മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ചർച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതിൽ സ്വാധീനിക്കുമ്പോഴും പുതിയ എഴുത്തുകാരും പുതിയ കൃതികളും പ്രതീക്ഷ നൽകുന്നുവെന്ന് കഥാ സാഹിത്യം പുതിയ കാലത്ത് എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാഷാപരമായി ഇന്നത്തെ കാലത്ത് ഏറ്റവും സമൃദ്ധമായ സാഹിത്യ ശാഖ ചെറുകഥയാണ്. കഥാ നിരൂപണങ്ങൾ വേണ്ട വിധം നടക്കുന്നില്ല എന്നതും ആനുകാലികങ്ങൾ കഥകളുടെ റിവ്യൂവിന് പ്രോത്സാഹനം നൽകാത്തതും ഒരു പോരായ്മയാണന്നും പ്രഭാഷകർ വിലയിരുത്തി. ചെകഥാകൃത്ത് കെ.ജി. രഘുനാഥ് വിഷയമവതരിപ്പിച്ചു. കെ. വരദേശ്വരി, സഫിയ നരിമുക്കിൽ, കെ.എം വേണുഗോപാൽ, ടി.കെ. സുധാകരൻ, എം. ഗോകുൽദാസ് എന്നിവർ സംസാരിച്ചു. വാരിജാക്ഷൻ ഇക്കഴിയൂർ, ഡോ. എം.കെ അജിതകുമാരി എന്നിവർ രചനാനുഭവങ്ങൾ പങ്കുവെച്ചു.