ഭാരതീയ ഭാഷകൾ സ്വാഭിമാനത്തോടെ വളരണം

Date: 25/09/2024

കോഴിക്കോട്: നമ്മുടെ നാടിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭാരതീയ ഭാഷകൾ സ്വാതന്ത്ര്യത്തിനും സ്വാവലംബത്തിനും വേണ്ടി കേഴുകയാണന്ന് കേന്ദ്ര ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ട് റീജണൽ ഡയരക്ടർ ഡോ. യോഗേന്ദ്ര മിശ്ര. ഭാഷാപരമായ ജാഗ്രത കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിയുഗത്തിലെ സ്വാതന്ത്ര്യ സമര സേനാനികളായ ഹിന്ദി പ്രചാരകരുടെ സ്മരണക്കായി ഭാഷാ സമന്വയ വേദി ഏർപ്പെട്ടുത്തിയ ഹിന്ദി സേവി സമ്മാൻ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ബാലകൃഷ്ണൻ നായർ, കെ.കെ. സദാനന്ദൻ, പി.എൻ. ഹരിദാസൻ (കോഴിക്കോട്) ഡോ. ടി.കെ. അനീഷ് കുമാർ (കാസറഗോഡ്), കെ.എം. നാരായണൻ (മലപ്പുറം) എം ദണ്ഡപാണി (പാലക്കാട്) ഡോ.വി.എൻ. രമണി(കണ്ണൂർ) എന്നിവർ പൂരസ്കാരങ്ങൾ സ്വീകരിച്ചു.  ഡോ.ആർസു അധ്യക്ഷനായിരുന്നു. കേരളീയരായ വിവർത്തകരുടെ ഭാഷാ സേവനത്തിലൂടെയാണ് മലയാളത്തിലെ സമുന്നതരായ എഴുത്തുകാരുടെ കൃതികളുടെ ആത്മാവ് തൊട്ടറിയാൻ ഉത്തരേന്ത്യക്കാർക്ക് സാധിച്ചതെന്നും ആ പ്രക്രിയ പുതുതലമുറ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  നിപുണ ശശിധരൻ്റെ ഹിന്ദി കവിതാ സമാഹാരം “തലാശ് ഡോ. ആർസുവിന് ആദ്യ കോപ്പി നൽകി ഡോ. യോഗേന്ദ്രമിശ്ര പ്രകാശനം ചെയ്തു. ഡോ. പി. പ്രിയ പുസ്തക പരിചയം നടത്തി. പരിപാടിയുടെ സംയോജകൻ വേലായുധൻ പള്ളിക്കൽ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുരസ്കാരമേർപ്പെടുത്തിയ  ഹിന്ദി പ്രചാരകരുടെ കുടുബാംഗങ്ങൾ പുരസ്കാര ജേതാക്കളെ പൊന്നാട അണിയിച്ചു 

ഡോ. പി. കെ. രാധാമണി പ്രശസ്തിപത്രം സമർപ്പിച്ചു.  കുടുംബങ്ങളുടെ പ്രതിനിധികളായ ആർ.മോഹൻദാസ്, ഡോ. എം. മീര, പി.എം. ശാന്തി എന്നിവർ പ്രസംഗിച്ചു. ആർ. ജയന്ത് കുമാർ മുഖ്യാതിഥി ഡോ. യോഗേന്ദ്ര മിശ്രയ്ക്ക് ഉപഹാരം സമർപ്പിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. നിപുണ ശശിധരൻ തൻ്റെ പുസ്തക രചനാനുഭവങ്ങൾ പങ്കുവെച്ചു. ഡോ. എം.കെ. പ്രീതയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയ്ക്ക് ബി.എസ്.വി സെക്രട്ടറി ഡോ.ഒ. വാസവൻ സ്വാഗതവും എൻ. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.