കോഴിക്കോട്: മലയാള വാരാഘോഷത്തോടനുബന്ധിച്ച് പത്രഭാഷയും സാഹിത്യ ഭാഷയും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ച് ഭാഷാസമന്വയ വേദി. വിവർത്തന പ0നത്തിന് ഭാരതീയ അനുവാദ് പരിഷത്തിൻ്റെ ദേശീയ പുരസ്കാരം ലഭിച്ച ഡോ. ആർസുവിനെ ചടങ്ങിൽ ആദരിച്ചു. അമർനാഥ് പള്ളത്ത് അദ്ദേഹത്തെ ഷാളണിയിച്ചു. പി.ടി. രാജലക്ഷ്മി ഭാഷാ സമന്വയവേദിയുടെ ഉപഹാരം സമർപ്പിച്ചു. പരിപാടി ഡോ. സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തനത്തിൽ സർഗ്ഗാത്മകത നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും പത്രപ്രവർത്തകർ ഭാഷയുടെ പ്രയോഗത്തിൽ നിഷ്കർഷത പുലർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി.കെ. രാധാമണി അധ്യക്ഷയായിരുന്നു. സംപ്രേഷണ ക്ഷമത പത്ര ഭാഷയുടെ ഗുണമായിരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. പത്രപ്രവർത്തകയും യുവ നോവലിസ്റ്റുമായ അനന്യ ജി. പത്രഭാഷയും സാഹിത്യ ഭാഷയും എന്ന വിഷയമവതരിപ്പിച്ചു. ഭാഷ അതീവ സങ്കീർണ്ണമായ വ്യവസ്ഥയാണന്നും ഭാഷ കൊണ്ട് ഒരാളെെ കൊല്ലാൻ പറ്റുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും അവർ പറഞ്ഞു. അപൂർണ്ണതയാണ് സാഹിത്യഭാഷയുടെ സവിശേഷതയെങ്കിൽ പത്രപ്രവർത്തകന് ഒന്നും ഒളിച്ചുവെക്കാൻ കഴിയില്ല. വ്യക്തമായ ആശയ വിനിമയത്തിന് പത്ര ഭാഷയിൽ വലിയ പ്രാധാന്യമുണ്ടന്ന് അവർ കൂട്ടിച്ചേർത്തു. മറുപടി പ്രസംഗത്തിൽ ഡോ. ആർസു മലയാളത്തിലെയും ഹിന്ദിയിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രോത്സാഹനമാണ് തന്നെ എഴുത്തിൻ്റെയും വിവർത്തനത്തിൻ്റെയും പാതയിലെത്തിച്ചതെന്ന് പറഞ്ഞു. ഡോ. സി. സേതുമാധവൻ, കെ.ജി. രഘുനാഥ്, രമ ചെപ്പ് എന്നിവർ സംസാരിച്ചു. ഗുജറാത്തി മാതൃഭാഷയായ ആർ. ജയന്ത് കുമാർ തൻ്റെ മലയാള ഭാഷാ പഠനാനുഭവങ്ങൾ പങ്കുവെച്ചു. കെ.എം. വേണുഗോപാൽ വള്ളത്തോൾ കവിത ആലപിച്ചു. ഭാഷാ സമന്വയ വേദി സെക്രട്ടറി ഡോ. ഒ. വാസവൻ സ്വാഗതവും ഒ. കുഞ്ഞിക്കണാരൻ നന്ദിയും പറഞ്ഞു.