വിവർത്തക ബന്ധുത്വ യാത്രയ്ക്ക് സിംലയിൽ ഉജ്ജ്വല സ്വീകരണം.

വിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഹിമാചൽ പ്രദേശിലെത്തിയ ഭാഷാ സമന്വയ വേദി പ്രവർത്തകർക്ക് സിംലയിൽ ഉജ്ജ്വല വരവേൽപ്പ്. ഹിമാചൽ പ്രദേശിലെ 21 എഴുത്തുകാരുടെ കഥകൾ മലയാളത്തിലേക്കും കെ.വി മോഹൻ കുമാറിന്റെ 22 കഥകൾ ഹിന്ദിയിലേക്കും വിവർത്തനം ചെയ്ത സമാഹാരങ്ങളുടെ പ്രകാശന കർമ്മം സിംലയിൽ നടന്നു.

 ഹിമാചൽ പ്രദേശ് സർക്കാറിൻ്റെ കീഴിലുള്ള ഭാഷാ സാഹിത്യ സാംസ്കാരിക വകുപ്പും ഭാഷാസമന്വയ വേദിയും ചേർന്ന് സംഘടിപ്പിച്ച വിവർത്തനത്തിന്റെ വികാസയാത്ര ഇന്നലെ ഇന്ന്’ എന്ന സെമിനാർ ഭാഷാ സാംസ്കാരിക വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ മഞ്ജീത് ശർമ ഉദ്ഘാടനം ചെയ്തു. മലയാള വിവർത്തകരും ഹിമാചൽ കഥാകൃത്തുക്കളും തമ്മിലുള്ള ആശയവിനിമയം നടന്നു. ‘ഏക ഭാരത് സമർത്ഥ ഭാരത്’ എന്ന സങ്കല്പം അർത്ഥവത്താകാൻ  ആശയവിനിമങ്ങൾക്ക് ഗതിവേഗം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   മുതിർന്ന എഴുത്തുകാരൻ ശ്രീനിവാസ് ജോഷി അധ്യക്ഷനായിരുന്നു. ഡോ. ആർസു മുഖ്യ പ്രഭാഷണം നടത്തി. കുടത്തിൽ വച്ച വിളക്ക് പോലെയായിരിക്കും വിവർത്തനമില്ലാത്ത അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ കഥകളുടെ മലയാള വിവർത്തന സമാഹാരം ശ്രീനിവാസ് ജോഷി കഥാകൃത്ത് സുദർശൻ വസിഷ്ഠിന് ആദ്യപ്രതി നൽകിക്കൊണ്ട് പുറത്തിറക്കി. രാജ്കുമാര്‍ രാകേഷ്, സുരേഷ് റാണ, ദീപ്തി സാരസ്വത്  എന്നീ ഹിമാചലി എഴുത്തുകാരും, ഡോ ഒ വാസവൻ, ഡോ കെ സി അജയകുമാർ, സജയ്കുമാർ പി എസ്, കുഞ്ഞിക്കണാരൻ ഒ, ഡോ ബി വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രൊഫ കെ ജെ രമാഭായ്, സഫിയ നരിമുക്കിൽ, പ്രസന്നകുമാരി എൻ, ഡോ എം കെ പ്രീത, ഡോ ആശിവാണി കെ, സൽമി സത്യാർത്ഥി, ഡോ ഗീത വിജയകുമാർ, ടി. സുമിന എന്നിവർ ഹിമാചലി എഴുത്തുകാർക്ക് ഉപഹാരങ്ങൾ നൽകി. ഹിമാചലി സംസ്കാരത്തിന്റെ പ്രതീകമായ തൊപ്പിയണിയിച്ച് ഭാഷാ- സംസ്കാരികവകുപ്പ് ജോയിൻ്റ് ഡയറക്ടർ മഞ്ജീത് ശർമ ഭാഷാസമന്വയ വേദി അംഗങ്ങളെ ആദരിച്ചു.

‘ജലരാശി’ എന്ന ശീർഷകത്തിലുള്ള കെ.വി. മോഹൻകുമാറിന്റെ വിവർത്തന സമാഹാരം ഹിമാചൽ പ്രദേശ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, സംസ്ഥാന ഫുഡ്  കമ്മീഷണർ രമേഷ് ചന്ദ്ര ഗംഗോത്രക്ക് ആദ്യപ്രതി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ ആർസു പുസ്തക പരിചയം നടത്തി. ഇന്ത്യയിലെ ചെറിയ ഭാഷകളിലെ സാഹിത്യകൃതികൾക്ക് വലിയ വ്യവഹാരമണ്ഡലം ഉണ്ടാക്കാൻ വിവർത്തനങ്ങൾ പാതയൊരുക്കുമെന്നും അപ്പോഴാണ് സാംസ്കാരികസമന്വയം 

യാഥാർത്ഥ്യമാകുന്നതെന്നും ഉപമുഖ്യമന്ത്രി അഗ്നിഹോത്രി അഭിപ്രായപ്പെട്ടു. കെ വി മോഹൻകുമാർ രചനാനുഭവങ്ങൾ പങ്കുവെച്ചു. ഡോ ഷീന ഈപ്പൻ  ആറന്മുള കണ്ണാടി അഗ്നിഹോത്രിക്ക് കേരളത്തിന്റെ ഉപഹാരമായി നൽകി.  വിവർത്തന ബന്ധുത്വ യാത്രയുടെ ഭാഗമായി 20 അംഗങ്ങളാണ് സിംലയിലെത്തിയത്.  യാത്രാസംഘം സിംലയിലെ രാഷ്ട്രപതി നിവാസ്, മ്യൂസിയം, ഇൻഡ്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളും സന്ദർശിച്ചു.