സർഗ്ഗോത്സവമായി ഭാരതീയ കാവ്യോത്സവം

24/01/2025

കോഴിക്കോട്: ലിപികളില്ലാത്ത ഭാഷകൾക്കും വാമൊഴി പാരമ്പര്യമുണ്ടെന്നും അതും ഭാരതീയ സാഹിത്യത്തിൻ്റെ ഭാഗമാണെന്ന് സിക്കിം എഴുത്തുകാരൻ കപിൽ മണി അധികാരി. ഭാരതീയ ഭാഷകൾ തമ്മിൽ കൈകോർക്കണമെന്നും പരിഭാഷകളിലൂടെ ഭാരതീയ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ സഹകരണത്തോടെ മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ മുഖ്യ പ്രഭാഷണം നടത്തി. വൈവിധ്യങ്ങൾ കൊണ്ട് സമൃദ്ധമായ വിവിധ ഭാഷകളിലെ ഭാരതീയ സാഹിത്യമാണ് ദേശീയോദ്ഗ്രഥനം സമ്പുഷ്ടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലാറ്റിനമേരിക്കൻ-യൂറോപ്യൻ സാഹിത്യത്തെ നമുക്ക് പരിചിതമാണെങ്കിലും ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തെക്കുറിച്ച് കൂടുതലായി അറിയില്ല. ഈ സ്ഥിതി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. ഭാരതീയ ഭാഷകളുടെ  സൗഹൃദം ചേർത്തു പിടിക്കുന്ന സർഗ്ഗാത്മക തേടിയുള്ള തീർഥയാത്രയാണ് ഭാരതീയ കാവ്യോത്സവമെന്ന് അദ്ദേഹം പറഞ്ഞു.

സിക്കിം കഥകളുടെ മലയാളം പരിഭാഷ പ്രഭാവർമ്മയ്ക്ക് ആദ്യ പ്രതി നൽകി കപിൽ മണി അധികാരി പ്രകാശനം ചെയ്തു. തമിഴ്നാട് സർക്കാറിൻ്റെ വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ കെ.എസ്. വെങ്കിടാചലത്തെ ആദരിച്ചു. ഡോ. വി.എസ്. റോബർട്ട്, ഡോ. പി.കെ. രാധാമണി, പ്രൊഫ. കെ.ജെ. രമാഭായ് എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഡോ. കെ. ആശീവാണി, ഡോ. യു.എം. രശ്മി, എം. സുമിഷ, കെ. നിധി എന്നിവർ പങ്കെടുത്തു. ക്രിസ്ത്യൻ കോളജ് മലയാള വിഭാഗം മേധാവി ഡോ. വി.എസ്. റോബർട്ട് സ്വാഗതവും ഭാഷാ സമന്വയ വേദി സെക്രട്ടറി ഡോ. ഒ. വാസവൻ നന്ദിയും പറഞ്ഞു.

കാവ്യോത്സവത്തിൽ ഇരുപത്തിയഞ്ച് ഭാഷകളിൽ നിന്നുള്ള കവിതകളുടെ മലയാള പരിഭാഷ അവതരിപ്പിച്ചു. മലയാളത്തിൽ നിന്ന് പ്രഭാവർമ്മയും പി.പി. ശ്രീധരനുണ്ണിയും കവിതകൾ ആലപിച്ചു. ഡോ. പി. സംഗീത അസമിയ, ഡോ. എൻ.കെ ശശീന്ദ്രൻ ബംഗാളി, കെ.ജി. രഘുനാഥ് ബോഡോ, എം.എസ്. ബാലകൃഷ്ണൻ ഭോജ്പുരി, വി.എസ്. രമണൻ ഡോഗ്രി, ഡോ. ഒ വാസവൻ ഗുജറാത്തി, ഡോ. പി. കെ. രാധാമണി ഹിന്ദി, കെ.എം. വേണുഗോപാൽ കൊങ്കണി, കെ. വരദേശ്വരി കശ്മീരി, ഡോ. കെ. ആശീവാണി മറാഠി, ഡോ. എം.കെ. അജിതകുമാരി മൈഥിലി, ടി.കെ. ജ്യോത്സന മണിപ്പുരി, ഡോ. ആർസു നേപ്പാളി, സഫിയ നരിമുക്കിൽ ഒറിയ, കെ. രാജേന്ദ്രൻ പഞ്ചാബി, പ്രൊഫ. കെ.ജെ. രമാഭായി രാജസ്ഥാനി, ഡോ. സി. രാജേന്ദ്രൻ സംസ്കൃതം, ഡോ. യു.എം. രശ്മി സിസി, ഡോ. എം.കെ. പ്രീത സന്താലി, കെ.എസ്. വെങ്കിടാചലം തമിഴ്, എൻ. പ്രസന്നകുമാരി തെലുഗു, ഡോ. സി. സേതുമാധവൻ ഉറുദു കവിതകൾ അവതരിപ്പിച്ചു. ഡോ. പി.കെ. രാധാമണിയാണ് പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചത്.