കോഴിക്കോട്: ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയ 2024 ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരം ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ് ഡോ. ഒ. വാസവന് സമ്മാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പ്രശസ്തിപത്ര സമർപ്പണവും മുഖ്യ പ്രഭാഷണവും നടത്തി.
ജാതി സമ്പ്രദായത്തെ നഖശിഖാന്തം എതിർത്ത സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു സ്വാമി ദയാനന്ദ സരസ്വതിയെന്നും വൈദിക സംസ്കാരത്തെ ശക്തമാക്കുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് മഹത്തരമാണെന്നും കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടു.
സാംസ്കാരിക വിനിമയത്തിലൂടെ വിവർത്തനം ലോക മാനവികതയെ പ്രോജ്വലമാക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ. ബൈജുനാഥ് പറഞ്ഞു. കവി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. നിഘണ്ടു നോക്കി ചെയ്യുന്ന യാന്ത്രിക പ്രവർത്തനമല്ല വിവർത്തനമെന്നും മറു നാട്ടുകാരുടെ കൃതികൾ ആസ്വദിക്കാനുള്ള മാർഗ്ഗം തെളിയിക്കലാണതെന്നും ശ്രീധരനുണ്ണി പറഞ്ഞു. സരോജിനി നായിഡുവിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഡോ. ആർസു അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സരോജിനി നായിഡുവിൻ്റെ സാഹിത്യ സംഭാവനകളെ അദ്ദേഹം വിലയിരുത്തി. പ്രഥമ അഭയദേവ് പുരസ്കാരം ലഭിച്ച ആചാര്യ എ. കെ. ബി. നായർ അനുഗ്രഹഭാഷണം നടത്തി. ഡോ. ഗോപി പുതുക്കോട്, ഡോ. എം. കെ. പ്രീത, ഡോ. പി. കെ. രാധാമണി, കെ. എം. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഡോ. ഒ. വാസവൻ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചു.
ബഹുഭാഷാപണ്ഡിതനും കവിയും ഗാന രചയിതാവും വിവർത്തകനുമായ അഭയദേവിൻ്റെ സ്മരണ നില നിർത്താൻ വിവർത്തനത്തിനായി ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയതാണ് അഭയദേവ് പുരസ്കാരം. സ്വാമി ദയാനന്ദ് സരസ്വതിയുടെ ഇരുനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച ദയാനന്ദ സരസ്വതിയെ കുറിച്ചുള്ള പുസ്തകത്തിൻ്റെ ഹിന്ദി പരിഭാഷയ്ക്കാണ് 2024-ലെ പുരസ്കാരം ലഭിച്ചത്.
അന്തരിച്ച കവി മേലൂർ വാസുദേവന് യോഗം ആദരാഞ്ജലികളർപ്പിച്ചു.