ടാഗോർ ആത്മദർശനത്തിൻ്റെ കവി

07/05/2025

കോഴിക്കോട്: കവിതയിലൂടെ തൻ്റെ ചിന്തകൾക്ക് പ്രകാശം നൽകിയ ആത്മ ദർശനത്തിൻ്റെ കവിയായിരുന്നു രവീന്ദ്രനാഥ ടാഗോറെന്ന് കവി ശ്രീധരനുണ്ണി. ഭാഷാ സമന്വയവേദിയും പൂർണ്ണ പബ്ലിഷേർസും ചേർന്ന് സംഘടിപ്പിച്ച  ടാഗോർ ജയന്തി ആഘോഷം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവും കലയും സംഗീതവും രാഷ്ട്രീയവും സമ്മേളിച്ച സാംസ്കാരിക നായകനായിരുന്നു ടാഗോർ. കാലം കൊണ്ട് പഴയതാണെങ്കിലും ഇന്നും അതി നവീനമായി നിലനില്ക്കുന്ന ടാഗോർ കവിതകൾ  വെളിച്ചത്തിലേക്ക് കണ്ണയക്കാൻ നമ്മെ പഠിപ്പിച്ചു. അദ്ദേഹം കുട്ടിച്ചേർത്തു. ടാഗോർ മലയാളികളുടെ മനസ്സിൽ എന്ന വിഷയത്തിൽ ഡോ. ആർസു മുഖ്യ പ്രഭാഷണം നടത്തി. ഉന്നതമായ ശിരസ്സും നിർഭയമായ മനസ്സുമുള്ളവരാകാൻ ഭാരതീയരെ ഉദ്ബോധിപ്പിച്ച കവിയാണ് രവീന്ദ്രനാഥ ടാഗോർ. ഭാരതീയ ദർശനത്തിൻ്റെയും സംവേദനത്തിൻ്റെയും വെളിച്ചം വിശ്വഭാഷകളിലെ വായനക്കാരിലേക്കെത്തിച്ചത് പ്രധാനമായും ടാഗോറാണെന്ന്  അദ്ദേഹം വിലയിരുത്തി. ചടങ്ങിൽ ഡോ. പി. കെ. രാധാമണി അധ്യക്ഷത വഹിച്ചു. ഭാരതീയ വേദാന്തത്തെ തൻ്റെ കവിതകളുടെ അടിസ്ഥാന തത്വമായി സ്വീകരിച്ച വിശ്വകവിയാണ് ടാഗോറെന്ന് അവർ ഓർമ്മിച്ചു

 ഡോ. കെ. ശ്രീകുമാർ, ഡോ. ഒ. വാസവൻ, ആർ. മോഹൻദാസ്, വി. എസ്. രമണൻ, ടി. സുമിന എന്നിവർ സംസാരിച്ചു. ഡോ. എം. കെ. പ്രീത, കെ. വരദേശ്വരി, ഡോ. സി. സേതുമാധവൻ, ജി. കെ. പിള്ള, കെ. എം. വേണുഗോപാൽ,  ശ്രീജ ചേളന്നൂർ എന്നിവർ ടാഗോർ കവിതകളും സ്വന്തം കവിതകളും ആലപിച്ചു. എൺപത് വയസ്സ് പൂർത്തിയാക്കിയ ബി. എസ്. വി അംഗം കവി ശ്രീധരനുണ്ണിയെ ഡോ. കെ. ശ്രീകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.