വിവർത്തന ശില്പശാല

17/05/2025

കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം. എൻ. സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയരക്ടർ മനോജ് മണിയൂർ  ശില്പശാല ഉദ്ഘാടനം ചെയ്തു. സ്രോത ഭാഷയിൽ നിന്നും ലക്ഷ്യ ഭാഷയിലേക്കുള്ള പരിവർത്തനമാണ് പരിഭാഷയെന്നും ഭാഷയുടെ അണക്കെട്ടുകളെ തകർക്കുമ്പോഴാണ് നല്ല പരിഭാഷ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ. ആർസു അധ്യക്ഷത വഹിച്ചു.  ശില്പശാല ഡയരക്ടർ ഡോ. രതീഷ് നിരാല, എം. എൻ. സത്യാർഥി ട്രസ്റ്റിൻ്റെ സെക്രട്ടറിയും ശില്പശാല കോർഡിനേറ്ററുമായ ഒ. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചൂ.

ശില്പശാലയുടെ ആദ്യ സെഷനിൽ വിവർത്തനത്തിലെ സാംസ്കാരിക ശോഭ എന്ന വിഷയത്തിൽ ഡോ. ആർസുവും കഥാ വിവർത്തനത്തെ കുറിച്ച് ഡോ. പി. കെ. രാധാമണിയും സാഹിത്യേതരവിഷയങ്ങളുടെ വിവർത്തനത്തിൽ ഡോ. ഒ. വാസവനും വിദേശ ഭാഷകളിൽ നിന്നുള്ള പരിഭാഷയെകുറിച്ച് എസ്. എ. ഖുദ്സിയും ക്ലാസ്സെടുത്തു. ദേശീയ സംസ്ഥാന തലത്തിൽ പരിഭാഷയിൽ പുരസ്കാരങ്ങൾ നേടിയ പ്രമുഖരുമായി ശില്പശാല അംഗങ്ങൾ ആശയ വിനിമയം നടത്തി. കെ. രാജേന്ദ്രൻ എം. എസ് ബാലകൃഷ്ണൻ, ഡോ. പി. ഗീത, അബ്ദുള്ള പേരാമ്പ്ര, ടി. കെ. രമ്യ, നാദിയ സി. രാജ്, സഫിയ നരിമുക്കിൽ, ബി. വിജയകുമാർ, നിപുണ ശശിധരൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. പി. കെ. രാധാമണി വിവർത്തനം ചെയ്ത 3 മലയാള നോവലുകൾ – തീൻ മലയാളം ഉപന്യാസ് എന്ന പുസ്തകം ഡോ. ഒ. വാസവന് ആദ്യ പ്രതി നൽകി ഡോ. ആർസു പ്രകാശനം ചെയ്തു.

ശില്പശാലയിൽ അംഗങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകി. ഗ്ലാഡിസ് പി. പോൾ, ഡോ. പി. എ. താഡോ, എ. കെ .യൂസഫ്, എം. എസ്. ബാലകൃഷ്ണൻ വിഷ്ണു രാജീവൻ എന്നിവർ മാതൃകാ വിവർത്തനങ്ങൾ അവതരിപ്പിച്ചു. വേലായുധൻ പള്ളിക്കൽ പി. എസ്. സജയകുമാർ, വി. എസ്. രമണൻ, മാജിദ നസ്റിൻ എന്നിവർ ശില്പശാലയെ വിലയിരുത്തി സംസാരിച്ചു.

മറ്റു ഭാരതീയ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് ധാരാളം വിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഭാരതീയ ഭാഷകളിലേക്കുള്ള വിവർത്തനം താരതമ്യേന കുറവാണന്ന് ശില്പശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇതു പരിഹരിക്കാൻ സർക്കാർ അധീനതയിലുള്ള സാഹിത്യ അക്കാദമിയും മറ്റു സംഘടനകളും ശ്രമിക്കണം. നേരിട്ടുള്ള വിവർത്തനവും സേതു ഭാഷകളായ ഹിന്ദിയിലൂടെയും  ഇംഗ്ലീഷിലൂടെയും മറ്റു ഭാരതീയ ഭാഷകളിലേക്ക് വിവർത്തനം സാധ്യമാക്കാം. ഇത്തരം പദ്ധതികൾക്ക് സർക്കാർ ഏജൻസികൾക്കൊപ്പം ഭാഷാ സമന്വയ വേദിയ്ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയും. ശില്ലശാല വിലയിരുത്തി. ശില്പശാലയിൽ പങ്കെടുത്തവർക്ക് പ്രൊഫ. കെ. ജെ. രമാഭായി, ഡോ. സി. സേതുമാധവൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 50 പേർ ശില്പശാലയിൽ പങ്കെടുത്തു.