രചനാനുഭവങ്ങൾ പങ്കുവെച്ച് ഡോ. പ്രതിഭാറായ്

09/06/2025

കോഴിക്കോട്: ഭാഷാ സമന്വയ വേദി അംഗങ്ങളുമായുള്ള സംവാദത്തിൽ ഒഡിയ നോവലിസ്റ്റ് ഡോ. പ്രതിഭാ റായ് സർഗ്ഗ രചനയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ചരിത്രം, മിത്തോളജി, ആന്ത്രപ്പോളജി,  മനഃശാസ്ത്രം, സോഷ്യോളജി എന്നീ  അനേക വിഷയങ്ങൾ  നോവലുകളിൽ കടന്നുവന്നിട്ടുണ്ടെന്നും അത് കൃതികളെ കരുത്തുറ്റതാക്കിയെന്നും അവർ പറഞ്ഞു. ഭാവനയാണ് പ്രധാനം. ഭാവനയില്ലെങ്കിൽ കൃതിയിൽ  മാനവീയതയുടെ തിളക്കം ഉണ്ടാകില്ല.  പാരമ്പര്യത്തിന്റെയും കിംവദന്തികളുടെയും ഇഴകൾ എഴുത്തുകാർക്ക് അമൂല്യ വസ്തുക്കളാണ്. പ്രതിഷേധമില്ലാത്തവർക്ക്  എഴുത്തുകാരനാകാൻ സാധിക്കില്ല. വിധ്വംസക സ്വരമല്ല എഴുത്തുകാരിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. റാഡിക്കൽ ഫെമിനിസത്തിന്റെ പാത എന്നെ ആകർഷിച്ചിട്ടില്ല.  ദ്രൗപദി, ശബരി എന്നീ പുരാണ സ്ത്രീ കഥാപാത്രങ്ങളുടെ അന്തഃസംഘർഷങ്ങൾക്ക്  സർഗാത്മക ആവിഷ്കാരം നൽകാനായപ്പോൾ വായനക്കാരുടെ പ്രോത്സാഹനം കൂടുതൽ ലഭിച്ചു. ആദിവാസികളുടെ ജീവിത പശ്ചാത്തലവും എനിക്ക്  മനസ്സിലാക്കാനായി. അവർ മനസ്സുതുറന്നു. തൻ്റെ നോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ച സ്വീകാര്യതയിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.ഡോ. ആർസു, ഡോ. പി കെ രാധാമണി, ഡോ. ഒ.വാസവൻ, ഡോ. എം. കെ. പ്രീത, ഡോ. യു എം രശ്മി, സഫിയ നരിമുക്കിൽ  എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എസ്. കെ. പൊറ്റക്കാട് സാംസ്കാരിക കേന്ദ്രവും എം. ടി. വാസുദേവൻ നായരുടെയും എൻ. ഇ.  ബാലകൃഷ്ണമാരാരുടെയും  വീടുകളും അവർ സന്ദർശിച്ചു.