പുസ്തക പർവ്വം സംഘടിപ്പിച്ചു

21/06/2025

കോഴിക്കോട്: വായനാദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ച – പുസ്തക പർവ്വം സംഘടിപ്പിച്ചു.  പരിപാടി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. വായന ഒരു സാധനയാണെന്നും കൃതികളുടെ ആന്തരിക സത്ത ഉൾകൊണ്ടുള്ള വായനയാണ് യഥാർഥ വായനയെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗോപി പുതുക്കോട് അധ്യക്ഷനായിരുന്നു. അമ്പത്തിഒമ്പതാമത് ജ്ഞാനപീം പുരസ്കാരം ലഭിച്ച ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയുടെ കാവ്യസാധനയെക്കുറിച്ച് ഡോ. ആർസു പ്രഭാഷണം നടത്തി. ഛത്തീസ്ഗഢിലെ ആദിവാസി കളുടെ ഗദ്ഗദങ്ങൾ കവിതയിൽ ഒപ്പിയെടുത്ത അനശ്വര കവിയാണ് വിനോദ് കുമാർ ശുക്ലയെന്ന് അദ്ദേഹം വിലയിരുത്തി.  ഡോ. എം.കെ. പ്രീത, കെ.എം. വേണുഗോപാൽ എന്നിവർ വിനോദ്കുമാർ ശുക്ലയുടെ കവിതകൾ ആലപിച്ചു. ഡോ. പി.കെ. രാധാമണി, ഡോ. ഒ. വാസവൻ, കെ.ജി. രഘുനാഥ്, കെ. വരദേശ്വരി, ഡോ. സി. സേതുമാധവൻ, എസ്.എ. ഖുദ്സി എന്നിവർ 2024-ൽ പ്രസിദ്ധീകരിച്ച സ്വന്തം കൃതികളെ കുറിച്ച് സംസാരിച്ചു. എഴുതുമ്പോൾ ലഭിക്കുന്ന ആനന്ദം മനോവികാസമുണ്ടാക്കുന്നുവെന്നും ഭാവനയും ഭാഷയും മനസ്സിൽ പ്രകാശം ചിതറാൻ സഹായിക്കുന്നുവെന്നും ലേഖകർ അഭിപ്രായപ്പെട്ടു. ടി. സുമിനയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയ്ക്ക്      വേലായുധൻ പള്ളിക്കൽ സ്വഗതവും എൻ. പ്രസന്നകുമാരി  കൃതജ്ഞതയും രേഖപ്പെടുത്തി.