സാഹിത്യ നഗരം - സെമിനാറും ഓർമപ്പെരുമ പുസ്തക പ്രകാശനവും
17/07/2025
കോഴിക്കോട്: ഗോത്രഭാഷകളുൾപ്പെടെ ഇന്ത്യയിലെ ചെറുതും വലുതുമായ ഭാഷകളിലെ രചനകളെ പരിഭാഷയിലൂടെ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്താൻ ഭാഷാ സമന്വയ വേദി നടത്തുന പരിശ്രമം മഹത്തരമാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് . സാഹിത്യ നഗരം – തുടർകർത്തവ്യങ്ങൾ എന്ന വിഷയത്തിൽ ഭാഷാ സമന്വയവേദി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഏക ഭാരതം എന്ന ആശയം യാഥാർഥ്യമാക്കുന്ന ആശയം കൂടിയാണ് ഇതെന്ന് അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡോ. ആർസു അദ്ധ്യക്ഷനായിരുന്നു. വിവർത്തകർ ഭാഷകളെ കൂട്ടിയോജിപ്പിക്കുന്ന സാംസ്കാരിക അംബാസഡർമാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാസമസ്വയവേദിയുടെ 35 വർഷത്തെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം ‘ഓർമപ്പെരുമ’ പ്രൊഫ. ജോബ് കാട്ടൂർ പ്രകാശനം ചെയ്തു. കവി പി.പി. ശ്രീധരനുണ്ണി ആദ്യ പ്രതി സ്വീകരിച്ചു. യുനസ്കൊ സാഹിത്യ നഗരം അംഗീകാരം ലഭിച്ച കോഴിക്കോട്ട് നടത്തേണ്ടുന്ന തുടർപ്രവർത്തനങ്ങളെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ ഡോ. സി. രാജേന്ദ്രൻ വിഷയമവതരിപ്പിച്ചു. പി.പി. ശ്രീധരനുണ്ണി, കെ.ജി. രഘുനാഥ്, സി.എച്ച്. ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു. വലിയ സാഹിത്യ പാരമ്പര്യമുള്ള കോഴിക്കോട് നഗരത്തിൽ മൺമറഞ്ഞു പോയ മഹാരഥന്മാരായ എഴുത്തുകാർക്ക് ഉചിതമായ സ്മാരകമില്ലെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. സാഹിത്യ നഗരം എന്ന സൂചന ഫലകം നഗരത്തിൽ കാണാനില്ലന്നും നഗരസഭയുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നും അവർ പറഞ്ഞു. സാഹിത്യ സാംസ്കാരിക പ്രവർത്തകർക്ക് ഒത്തുചേരാനുള്ള ഇടങ്ങൾ കുറഞ്ഞു വരുന്നതിൽ പ്രഭാഷകർ ആശങ്ക രേഖപ്പെടുത്തി. പ്രൊഫ. ജോബ് കാട്ടൂർ, ഡോ. ഒ. വാസവൻ, പി.ഐ. അജയൻ, ഡോ. പി.കെ. രാധാമണി, ടി. സുമിന എന്നിവർ സംസാരിച്ചു.