മലയാള സാഹിത്യം പരിചയപ്പെടുത്തുന്ന ഹിന്ദി കൃതി പ്രകാശനം ചെയ്തു
16/07/2025
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗരം അംഗീകാരം കോഴിക്കോടിന് ലഭിച്ചപ്പോൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് കവർ ചിത്രമായി ഹിന്ദിയിൽ പ്രസിദ്ധീകരിച്ച ‘ചിന്തൻ കൊ കുഛ് ഇന്ധൻ’ എന്ന പുസ്തകം എംടിയുടെ ജന്മദിനത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരനും വിവർത്തകനുമായ ഡോ. ആർസു രചിച്ച പുസ്തകം കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിൽ നടന്ന ചടങ്ങിൽ സീനിയർ പോസ്റ്റ് മാസ്റ്റർ പി. പ്രമോദ് കുമാർ ഡോ. ഒ. വാസവന് കോപ്പി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ എൻ. സത്യൻ അദ്ധ്യക്ഷനായിരുന്നു. സി.ഇ. ചാക്കുണ്ണി, ഡോ. ഗോപി പുതുക്കോട്, പി.ഐ. അജയൻ, സി. ഹൈദരാലി, ഡോ. എം.കെ. പ്രീത, സഫിയ നരിമുക്കിൽ, ഒ. കുഞ്ഞിക്കണാരൻ, ബാലചന്ദ്രൻ പുതുക്കുടി, കെ.കെ. സുജിലേഷ് എന്നിവർ സംസാരിച്ചു. ഡോ.ആർസു രചനാനുഭവങ്ങൾ പങ്കുവെച്ചു.
എം. ടി, അക്കിത്തം എന്നിവരെ ഹിന്ദി വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഈ കൃതിയിൽ കോഴിക്കോടിൻ്റെ സാഹിത്യ പാരമ്പര്യം സവിസ്തരം പ്രതിപാദിക്കുന്ന ലേഖനമുണ്ട്. മലയാള പഴഞ്ചൊല്ലുകളുടെ ശബ്ദാർത്ഥവും ഭാവാർത്ഥവും വിലയിരുത്തുന്ന പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒളപ്പമണ്ണ, സുഗതകുമാരി, അക്കിത്തം എന്നിവരുടെ സംഭാഷണങ്ങൾ, 2024 ഫെബ്രുവരി കേരള ലിറ്റററി ഫെസ്റ്റിവലിൽ എംടി ചെയ്ത പ്രസംഗം, രാമചരിതമാനസം വിവർത്തനം ചെയ്തപ്പോൾ വെണ്ണിക്കുളം എഴുതിയ ആമുഖപഠനം എന്നിവ ഈ ഗ്രന്ഥത്തിൻ്റെ സവിശേഷതകളാണ്. മഥുര ജവാഹർപുസ്തകാലയാണ് പ്രസാധകർ.