പയ്യന്നൂർ: ഭാഷാ സമന്വയ വേദിയുടെയും പയ്യന്നൂർ കോളജ് ഹിന്ദി വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തിയും പുസ്തക. പ്രകാശനവും നടന്നു. പയ്യന്നൂർ കോളജിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഡോ. വി.എം. സന്തോഷ് ഉദ്ഘാടനംചെയ്തു. സമൂഹത്തിന് നേരെ തിരിച്ച കണ്ണാടിയാണ് പ്രേംചന്ദ് കൃതികളെന്നും സാമ്രാജ്യത്വത്തിനെതിരായി ജനങ്ങളെ ജാഗരൂകരാക്കി ഗാന്ധിയൻ ആശയങ്ങള സാഹിത്യത്തിൽ പ്രതിപാദിച്ച നോവലിസ്റ്റാണ് പ്രേംചന്ദ് എന്നും അദ്ദേളം പറഞ്ഞു. ഹിന്ദി വകുപ്പ് അധ്യക്ഷ ഡോ. എ. സിന്ധു അധ്യക്ഷത വഹിച്ചു. ഭാഷാ സമന്വയ വേദി അംഗങ്ങൾ പരിഭാഷപ്പെടുത്തി കണ്ണൂർ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ഉത്തർപ്രദേശ് കഥകൾ’ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് പ്രകാശനം ചെയ്തു. ഡോ. വി.എം. സന്തോഷ് ആദ്യ പ്രതി ഏറ്റുവാങ്ങി. വിവർത്തനം വാതിൽപ്പടിയാണെന്നും ലോകത്തിൻ്റെ സംസ്കാരവും പ്രതിസന്ധികളുമറിയാനുള്ള വഴിയുമാണെന്ന് പ്രൊഫ. മുഹമ്മദ് അഹമ്മദ് പറഞ്ഞു. ഡോ. എം. അരവിന്ദൻ പുസ്തകം പരിചയപ്പെടുത്തി. ‘പ്രേംചന്ദ് മലയാളമനസ്സിൽ’ എന്ന വിഷയത്തിൽ ഡോ. ആർസു മുഖ്യ പ്രഭാഷണം നടത്തി. ഉത്തരേന്ത്യൻ ജീവിതത്തിൻ്റെ സാമൂഹ്യ യാഥാർഥ്യങ്ങൾ പുറം ലോകമറിഞ്ഞത് പ്രേംചന്ദ് കൃതികളിലൂടെയാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ക്യു .സി. കോർഡിനേറ്റർ ഡോ. വി. പ്രകാശ്, പ്രൊഫ. കെ.എം. ഗോവിന്ദൻ നമ്പീശൻ, ഡോ. എം.കെ. പ്രീത എന്നിവർ പ്രസംഗിച്ചു. ഡോ. സി. ശ്രീമായ സ്വാഗതവും ഭാഷാ സമന്വയ വേദി ജന.സെക്രട്ടറി ഡോ. ഒ. വാസവൻ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർഥികൾ നാടകം അവതരിപ്പിച്ചു.