ഹിന്ദി സേവി സമ്മാൻ 2025

16/09/2025

കോഴിക്കോട്: ഹിന്ദി പക്ഷാചരണത്തിൻ്റെ ഭാഗമായി ഭാഷാസമന്വയവേദി  സംഘടിപ്പിച്ച ഹിന്ദി സേവി പുരസ്കാര സമർപ്പണ ചടങ്ങ് ചെന്നൈയിൽ നിന്നുള്ള തമിഴ് – ഹിന്ദി എഴുത്തുകാരി ജമുന കൃഷ്ണരാജ് ഉദ്ഘാടനംചെയ്തു.  ഹിന്ദി വളരുമ്പോൾ ദേശീയ ഐക്യം ദൃഢമാകുമെന്നും ദക്ഷിണേന്ത്യക്കാർക്ക് ഇതിൻ്റെ ഗുണഫലം കൂടുതൽ ലഭിക്കുമെന്നും അവർ പറഞ്ഞു.  ഡോ. ആർസു അധ്യക്ഷത വഹിച്ചു. ഏകഭാരത സങ്കല്പം വളർത്തിയെടുക്കാൻ ഗാന്ധിജി നൽകിയ ഉദ്ബോധനമനുസരിച്ച് ഹിന്ദി പഠിക്കാൻ മുന്നോട്ടു വന്ന സ്വാതന്ത്ര്യ സമര സേനാനികളായ ഹിന്ദി പ്രചാരകന്മാരുടെ സ്മരണക്കായി ഭാഷാസമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവി പുരസ്കാരങ്ങൾ ജമുന കൃഷ്ണരാജ് സമ്മാനിച്ചു. ഹിന്ദി സേവനത്തോടൊപ്പം സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം നൽകുന്നതു്. ഡോ. രതീഷ് നിരാല (തിരുവനന്തപുരം), ശ്രീധരൻ പറക്കാസ് (കോഴിക്കോട്), വി.കെ. ബാലൻ (മലപ്പുറം), കെ.വി. നാരായണൻ (കണ്ണൂർ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രൊഫ.എൻ. ഗോപാലപിള്ള (കോട്ടയം), പ്രൊഫ. ആർ.എസ്. പൊതുവാൾ (തൃശൂർ), കെ. ദാമോദരൻ (കണ്ണൂർ) എന്നിവർക്ക് വേണ്ടി കുടുംബാംഗങ്ങൾ പുരസ്കാരം സ്വീകരിച്ചു. സ്മൃതി ചിഹ്നവും ഷാളും ദില്ലിയിലെ പ്രസാധകരായ രാജ്കമൽ പ്രകാശൻ നൽകുന്ന പ്രശസ്തിപത്രവും പുസ്തകങ്ങളും  അടങ്ങുന്നതാണ്  പുരസ്കാരം.

പി. രാഘവ്ജി, പീരങ്കി നമ്പീശൻ, ടി. ബാലകൃഷ്ണൻ നായർ, എം.കെ. ശങ്കരൻ കുട്ടി എഴുത്തച്ഛൻ, ദേവ് കേരളീയ്, ചാത്തുക്കുട്ടി മാസ്റ്റർ, ഇരിങ്ങണ്ണൂർ ഗോപാലൻ, പ്രൊഫ. ജെ. ഹൈമവതി അമ്മ, പ്രൊഫ. ടി.എം. രാജഗോപാൽ, പ്രൊഫ. ഐ. വേലായുധൻ എന്നിവരുടെ സ്മരണക്കായി അവരുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. വേലായുധൻ പള്ളിക്കൽ പുരസ്കാരം നേടിയവരെ പരിചയപ്പെടുത്തി. ഡോ. ഒ. വാസവൻ, ഡോ. എം.കെ. പ്രീത, സഫിയ നരിമുക്കിൽ,  പ്രൊഫ. എൻ. സത്യവതി, ഡോ. എം. മീര, എം.എസ്. ബാലകൃഷ്ണൻ, ആർ.മോഹൻദാസ്, പി.എം.ശാന്തി ,കെ.വി. ഷീജ, പുരസ്കാര ജേതാക്കളായ ഡോ. രതീഷ് നിരാല, ശ്രീധരൻ പറക്കാസ്, വി.കെ. ബാലൻ, കെ.വി നാരായണൻ എന്നിവർ  പ്രസംഗിച്ചു. തമിഴ് സംഘം പ്രതിനിധി വി. കൃഷ്ണകുമാർ, ആർ. ജയന്ത് കുമാർ എന്നിവർ ഡോ. ജമുന കൃഷ്ണരാജിന് ഉപഹാരം നൽകി. ഭാഷാസമന്വയവേദി അംഗങ്ങൾ പരിഭാഷപ്പെടുത്തിയ വിവിധ ഭാരതീയ ഭാഷകളിലെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം ‘നവനീതം’ ചടങ്ങിൽ പ്രകാശനം ചെയ്തു.