അക്കിത്തം ജന്മശതാബ്ദിയിൽ കവിതകളെ വിലയിരുത്തി യുവതലമുറ
24/10/2025
കോഴിക്കോട്: മഹാകവി അക്കിത്തത്തിൻ്റെ ജന്മശതാബ്ദി വേളയിൽ യുവതലമുറ കവിയുടെ തിരഞ്ഞെടുത്ത കവിതകളെ വിലയിരുത്തുന്ന പരിപാടി സംഘടിപ്പിച്ചു. ഭാഷാസമന്വയവേദിയും സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാളം വകുപ്പും സംയുക്തമായി നടത്തിയ പരിപാടിയിൽ കോളജിലെ 10 വിദ്യാർഥികൾ അക്കിത്തം കവിതകളെ വിശകലനം ചെയ്തു. അക്കിത്തം ഇൻറർമീഡിയറ്റ് കോഴ്സിന് ചേർന്ന ഗുരുവായൂരപ്പൻ കോളജിലെ ഇപ്പോഴത്തെ വിദ്യാർഥികൾ തങ്ങളുടെ പൂർവ്വസൂരിയായ കവിയുടെ 10 കവിതകൾ തിരഞ്ഞെടുത്ത് പുതിയ കാലത്തിൻ്റെ ഉരകല്ലിൽ ഉരച്ച് അവയുടെ മാറ്റും മഹിമയും പരിശോധിച്ചത് കവിയ്ക്കുള്ള വേറിട്ട ആദരമായി. പുതിയ കാലത്തും ഉന്മേഷം നൽകുന്നവയാണ് അക്കിത്തം കവിതകളെന്ന് വിദ്യാർഥികൾ വിലയിരുത്തി. പരിപാടി പ്രിൻസിപ്പാൾ ഡോ. ബി. രജനി ഉദ്ഘാടനം ചെയ്തു. മലയാളം വകുപ്പ് മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ആർസു ആശീർവ്വാദ പ്രസംഗം നടത്തി. സംസ്കാരം, ദർശനം, കവിത എന്നിവയുടെ ത്രിവേണിസംഗമമാണ് അക്കിത്തം കവിതകളെന്ന് അദ്ദേഹം വിലയിരുത്തി. പ്രൊഫ. കെ. പി. ശശിധരൻ അക്കിത്തത്തെ അനുസ്മരിച്ചു. അനുകമ്പയും സ്നേഹവുമാണ് അക്കിത്തം കവിതകളുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ഹിന്ദി കവി അരുൺ കമൽ നൽകിയ സന്ദേശം കേൾപ്പിച്ചു. വേദകാലത്തെ ഊർജ്ജം സംഭരിച്ച് പുതിയ കാലത്തെ പ്രമേയങ്ങളും പ്രശ്നങ്ങളും വിചാര മധുരമായി അവതരിപ്പിച്ച അക്കിത്തം ഭാരതീയ കവിതയിലെ നവ ചൈതന്യമാണന്ന് അദ്ദേഹം സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കോളജ് ഗവേണിംഗ് ബോർഡ് അംഗം ഡോ. കെ. സുധീർ, സർവ്വകലാശാല സെനറ്റ് മെമ്പർ ഡോ. ആർ. ജയകമാർ, എൻ. രാഖി, ഡോ. പി. ഐ. മീര, ഡോ. കെ. ശ്രീലത, ഡോ. താര ആൻസി വിൻസൻ്റ്, ഡോ. ഒ. വാസവൻ എന്നിവർ പ്രസംഗിച്ചു, പി.ആര്യ, സാനിയ സന്തോഷ്, ബീവി ഷിഫാന, എം. പി. നേഘ, പാർവ്വതി ശ്രീരാജ്, പി. എം. ദേവി പ്രിയ, എം. പാർവ്വതി, അയിഷ ഫെറിൻ ബീഗം, എ. കെ. ഫെമീറ, പി. കെ. അഭിനയ എന്നീ വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും അക്കിത്തം പഠന ഗ്രന്ഥവും നൽകി. ഡോ. ആർസുവിൻ്റെ ജ്ഞാനപീം സംഭാഷണങ്ങൾ, ഡോ. ഒ. വാസവൻ്റെ വൈജ്ഞാനിക സാഹിത്യം ഭാഷയും പരിഭാഷയും സഫിയ നരിമുക്കിലിൻ്റെ കഥാദളങ്ങൾ എന്നീ പുസ്തകങ്ങൾ കോളജ് ലൈബ്രറിയ്ക്ക് കൈമാറി. ഗോപി കൂടല്ലൂർ അക്കിത്തം കവിത ആലപിച്ചു. ഡോ. പി. കെ.രാധാമണി, ഡോ. വനജ, .ടി. സുമിന, ഡോ. സി. സേതുമാധവൻ, ഡോ. എം. കെ. പ്രീത, ഡോ. രമീളദേവി, കെ. കെ. സദാനന്ദൻ, എസ്. എ. ഖുദ്സി എന്നിവർ പങ്കെടുത്തു. പുസ്തക പ്രദർശനവും ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.