ഭാഷാ ബഹുസ്വരത സാംസ്കാരിക ഔന്നത്യത്തിൻ്റെ അടയാളം

10/11/2025

കോഴിക്കോട്: ഭാഷാപരമായ ബഹുസ്വരത രാ ജ്യത്തിൻ്റെ സാംസ്കാരിക ഔന്നത്യത്തെ സൂചിപ്പിക്കുന്നുവെന്നും ഭാരതീയ ഭാഷാ ദിനം ദേശീയോദ്ഗ്രഥനത്തെ പുഷ്ടിപ്പെടുത്താനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നല്ല ചുവടുവെപ്പാണന്നും കെ. പി. രാമനുണ്ണി. ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടെ എല്ലാ ഭാഷകൾക്കും തുല്യപരിഗണന നൽകാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഭാഷാസമന്വയവേദി സംഘടിപ്പിച്ച ഭാരതീയഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. ആർസു അധ്യക്ഷത വഹിച്ചു. മാനവികതയുടെ കാവലാളായിരുന്നു സുബ്രഹ്മണ്യ ഭാരതിയെന്നും ഭാഷാ സേവനത്തോടൊപ്പം രാജ്യ സേവനവും നടത്തിയ വ്യക്തിയായിരുന്നു ഭാരതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി മലയാളത്തിലും ഹിന്ദിയിലും പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സാഹിത്യ നഗരത്തിലെ എഴുത്തുകാരെ കുറിച്ച് ഡോ. പി. കെ. രാധാമണി ഹിന്ദിയിൽ രചിച്ച സാഹിത്യ ശഹർ കെ സാഹിത്യകാർ എന്ന കൃതി കെ. പി. രാമനുണ്ണി ഡോ. ഒ. വാസവന് നൽകി പ്രകാശനം ചെയ്തു. ഭാഷാസമന്വയവേദി അംഗങ്ങൾ പരിഭാഷപ്പെടുത്തി മലയാളത്തിൽ പ്രസിദ്ധീകരിച്ച ഗുജറാത്തി കഥകൾ ഡോ. ആർസു ആർ. ജയന്ത് കുമാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ആർ. എം. സോലയ്യൻ, കെ. ജി. രഘുനാഥ്, ഡോ. ഗോപി പുതുക്കോട്,  ഒ. കഞ്ഞിക്കണാരൻ, പി. ഐ. അജയൻ, സഫിയ നരിമുക്കിൽ എന്നിവർ സംസാരിച്ചു. ഡോ. പി. കെ. രാധാമണി, ഡോ. ഒ. വാസവൻ പുസ്തക പരിചയം നടത്തി. ഡോ. എം. കെ. പ്രീത, കെ. എം. വേണുഗോപാൽ എന്നിവർ ഭാരതിയാർ കവിതകൾ ആലപിച്ചു. ഡിസംബർ 11 ന് സുബ്രമണ്യ ഭാരതിയുടെ ജന്മദിനമാണ് ദേശീയ തലത്തിൽ ഭാരതീയ ഭാഷാ ദിനമായി ആഘോഷിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ ദിനം ഭാരതീയ ഭാഷാ ഉത്സവമായി ആഘോഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാഷകൾ പലത് വികാരം ഒന്ന് എന്നതാണ് ഈ വർഷത്തെ പ്രമേയം.