ഭാഷാസമന്വയ വേദിയുടെ വിവർത്തക ബന്ധുത്വയാത്രയ്ക്ക് കാർബിയിൽ ഉജ്ജ്വല സ്വീകരണം

ദിഫു: അസമിലെ കാർബി ആങ് ലോങിൽ ഫെബ്രുവരി 15 മുതൽ 19 വരെ നടക്കുന്ന കാർബി യുവജനോത്സവത്തിൽ കേരളത്തിൽ നിന്നെത്തിയ ഭാഷാ സമന്വയവേദി സംഘത്തിന് ഉജ്വല സ്വീകരണം നൽകി. വിവർത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി എത്തിയ സംഘത്തെ പരമ്പരാഗത രീതിയിലുള്ള പോഹോ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. 

കാർബി ഗോത്ര ഭാഷയിൽ നിന്ന് ഭാഷാസമന്വയവേദി അംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കാർബി കഥകൾ കാർബി യുവജനോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ കാർബി കൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് ഹുംസിങ്ങ് ബേ കാർബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  തൂലിറാം ബോംറോങിന് ആദ്യ പ്രതി നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. ചെറിയ വ്യവഹാരത്തിലുള്ള ഭാഷകളിലെ കൃതികൾ പോലും വിവർത്തനത്തിലൂടെ സ്വീകരിക്കുന്ന മലയാളികളുടെ മാതൃക അനുകരണീയമാണെന്ന് ഹുംസിങ്ങ് ബേ അഭിപ്രായപ്പെട്ടു. കാർബി കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ കാർബിശക്തി സമ്മാൻ ചടങ്ങിൽ കാർബി ചീഫ് എക്സിക്യൂട്ടീവ് മെമ്പർ തുളീറാംബാംങ് റോങ് ഡോ. ആർസുവിന് സമ്മാനിച്ചു. ലോക്സഭാംഗം അമർസിങ് ടിസോ മുഖ്യാതിഥിയായിരുന്നു. കാർബി കഥകളുടെ കൺസൾട്ടൻ്റ് എഡിറ്റർ ധനേശ്വർ ഇംഗ്ടിയെ ഭാഷാസമന്വയ വേദി സെക്രട്ടറി ഡോ.ഒ വാസവൻ ഉപഹാരം നൽകി ആദരിച്ചു. 

കാർബി കൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് ഹുംസിങ്ബേ, സെക്രട്ടറി സുനിൽ തോക്ബെ, കാർബി കഥകളുടെ കോർഡിനേറ്റിംഗ് എഡിറ്റർ ഡോ. ഷീന ഈപ്പൻ, ഡോ. ശ്രീജ പ്രമോദ്, ഡോ. രതീഷ് നിരാല, ഡോ  ബി. വിജയകുമാർ, ഡോ. പി. ഗീത, പി. എസ്. സജയകുമാർ, കെ. രാജേന്ദ്രൻ, ഒ. കുഞ്ഞിക്കണാരൻ, പി. ഐ. അജയൻ, എന്നിവർ സംസാരിച്ചു. ഡോ. എം. കെ. പ്രീത, എ. അഖില എന്നിവർ മലയാളം കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ഭാഷാസമന്വയവേദി തയ്യാറാക്കിയ കേരളത്തെയും മലയാള സാഹിത്യത്തെയും കുറിച്ചുള്ള കേരൾ കി ചമക് മലയാളം കി മഹക് എന്ന കൃതി കാർബി കൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് ഹുംസിംഗ് ബേ ധനേശ്വർ ഇംഗ്ടിയ്ക്ക് നൽകി പ്രകാശനം ചെയ്തു. കാർബി സംസ്കാരത്തിൻ്റെ സംരക്ഷണത്തിൻ്റെ സംരക്ഷണത്തിനായി നടത്തുന്ന നാല് ദിവസത്തെ യുവജനോത്സവത്തിൽ കലാമത്സരങ്ങളും സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.