ജി. ശങ്കരക്കുറുപ്പ് ജന്മദിനാഘോഷവും ജ്ഞാനപീഠ പുരസ്കാരത്തിൻ്റെ 60-ാം വാർഷികവും

3/6/2026

കോഴിക്കോട്: ജി. ശങ്കരക്കുറുപ്പിൻ്റെ ജന്മദിനവും ഭാരതീയ ജ്ഞാനപീഠപുരസ്കാരത്തിൻ്റെ 60-ാം വാർഷികവും ഭാഷാസമന്വയവേദി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആദ്യ ജ്ഞാനപീഠ പുരസ്കാരം 1965 ലാണ് ജി. യിലൂടെ മലയാളത്തിന് ലഭിക്കുന്നത്. പരിപാടികളുടെ ഭാഗമായി ജി. കവിതകളിലൂടെ എന്ന സെമിനാറും  ജി. കവിതകളുടെ ആലാപനവും സംഘടിപ്പിച്ചു. ടി. ബി. എസ് – പൂർണ്ണ ഹാളിൽ സംഘടിപ്പിച്ച പരിപാടികൾ ഡോ. സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിസ്റ്റിസിസത്തിൻ്റെയും സമത്വവാദത്തിൻ്റെയും ദേശീയതയുടെയുമെല്ലാം സ്വരങ്ങൾ കലർന്ന ഒരു സിംഫണിയാണ് ജിയുടെ കാവ്യലോകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആകാശത്തിൻ്റെയും ഭൂമിയുടെയും കവിയായ ജി വാക്കുകളുടെ പെരുന്തച്ഛനാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡോ. ആർസു അധ്യക്ഷത വഹിച്ചു. മനോനയനങ്ങൾ കൊണ്ട് പ്രപഞ്ചത്തിൻ്റെ അപാരതയെ നിരീക്ഷിക്കുകയും രഹസ്യവാദത്തിൻ്റെ ഭാവ രശ്മികൾ കൊണ്ട് കവിതയ്ക്ക് കരുത്തേകുകയും ചെയ്ത കവിയാണ് ജി എന്ന് അദ്ദേഹം വിലയിരുത്തി. ഡോ. സി. എൻ. ബാലകൃഷ്ണൻ നമ്പ്യാർ ജി. യുടെ പെരുന്തച്ഛൻ എന്ന കവിതയെ മനശ്ശാസ്ത്ര പരമായി വിലയിരുത്തി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

സെമിനാറിൽ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ. സി. സേതുമാധവൻ , സി. സോഷീന  എന്നിവർ ജി. യുടെ ശിവതാണ്ഡവം, എൻ്റെ വേളി, നിമിഷം എന്നീ കവിതകളെ വിലയിരുത്തി സംസാരിച്ചു. ഡോ. എം. കെ. പ്രീത,  പ്രഭാരാജവല്ലി, കെ. എം. വേണുഗോപാൽ എന്നിവർ ജി. യുടെ കവിതകൾ ആലപിച്ചു. ഡോ. ഒ. വാസവൻ സ്വാഗതവും ഡോ. പി. കെ. രാധാമണി കൃതജ്ഞതയും രേഖപ്പെടുത്തി.