പുരസ്കാരപർവ്വം പുസ്തകപ്രകാശനം പരിപാടികളോടെ ഭാഷാസമന്വയവേദി വാർഷികം

10/10/2026

കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ സാംസ്കാരിക സംഘടനയായ ഭാഷാസമന്വയവേദിയുടെ 36-ാം വാർഷികം പുരസ്കാരപർവ്വം, പുസ്തക പ്രകാശനം എന്നീ പരിപാടികളാടെ ആഘോഷിച്ചു. ചടങ്ങ് ഡോ. സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകം ഭാഷയാണന്നും ഒരു ഭാഷയോടുള്ള സ്നേഹം വേറൊരു ഭാഷയോടുള്ള വിദ്വേഷമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഴുത്തുകാരനാണ് ഡോ. ആർസുവെന്നും മലയാള സാഹിത്യത്തെ ഉത്തരേന്ത്യൻ വായനക്കാർക്ക് പരിചയപ്പെടുത്തിയതാണ് അദ്ദേഹത്തിൻ്റെ സാഹിത്യ സാധനയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ഒ. വാസവൻ അധ്യക്ഷത വഹിച്ചു. വിവിധ പുരസ്കാരങ്ങൾ നേടിയ വേദി അംഗങ്ങളെ പുരസ്കാരപർവ്വം പരിപാടിയിൽ ആദരിച്ചു. എഴുത്തിൻ്റെ 50 വർഷം പൂർത്തിയാക്കിയ നിരവധി പുരസ്കാരങ്ങൾ നേടിയ ഡോ. ആർസുവിനെ ഡോ. സി. രാജേന്ദ്രൻ ഷാളണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഹിന്ദി സാഹിത്യ സേവനത്തിന് പ്രസാധകരായ രാജ്കമൽ പ്രകാശൻ്റെ പ്രശസ്തിപത്രം ഡോ.ഒ. വാസവൻ സമ്മാനിച്ചു.

വേദി അംഗങ്ങളായ ഡോ. സി. രാജേന്ദ്രൻ, പി. പി. ശ്രീധരനുണ്ണി, ഡോ. പി. പ്രണീത, കെ. ജി. രഘുനാഥ്, ഡോ. ശ്രീജ പ്രമോദ്, വി. എസ്. രമണൻ, കെ. വരദേശ്വരി എന്നിവരെയും ആദരിച്ചു. 

ഡോ. രതീഷ് നിരാല, ഡോ. സി. സേതുമാധവൻ, ഡോ. എം. കെ. പ്രീത, ഡോ. ഗോപി പുതുക്കോട്, വേലായുധൻ പള്ളിക്കൽ, എസ്. എ. ഖുദ്സി, ബാലചന്ദ്രൻ പുതുക്കുടി എന്നിവർ ഇവർക്ക് ഉപഹാരങ്ങൾ നൽകി. 

പരിപാടിയോടനുബന്ധിച്ച് ഭാഷാസമന്വയവേദിയുടെ 3 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ‘കബീർ കവിതയിലെ കാന്തി കിരണങ്ങൾ’ ഡോ. ആർസു ബീന. കെ. നായർക്ക് നൽകി പ്രകാശനം ചെയ്തു. 

‘2025-സ്മൃതിരേഖകൾ’ ഡോ. പി. പ്രണീത ടി. കെ. ജ്യോത്സനയ്ക്ക് നൽകിയും സൂര്യപാൽസിംഗ് കഥകൾ പി. ഐ. അജയൻ എൻ. പ്രസന്നകുമാരിയ്ക്ക് നൽകിയും പ്രകാശനം ചെയ്തു. സൽമി സത്യാർഥിയും ഡോ.രതീഷ് നിരാലയും പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഡോ. പി. കെ. രാധാമണി, സഫിയ നരിമുക്കിൽ, ഡോ. സംഗീത അനീഷ് എന്നിവർ പ്രസംഗിച്ചു. ആദരവേറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി.

മലയാളത്തിലും ഹിന്ദിയിലുമുള്ള വായന എഴുത്തിനും വിവർത്തനത്തിനും പ്രേരണ നൽകിയെന്നും രണ്ട് ഭാഷകളിലെയും ആനുകാലികങ്ങളിലെ എഡിറ്റർമാരും പ്രസാധകരും നൽകിയ പ്രോത്സാഹനമാണ് എഴുത്തിൻ്റെ പാതയിൽ മുന്നേറാൻ പ്രചോദനം നൽകിയതെന്ന് ഡോ. ആർസു മറുപടി പ്രസംഗത്തിൽ പറഞ്ഞു. എപിക് ബാബു, കെ. എം. വേണുഗോപാൽ, ഡോ. പി. സംഗീത, ഡോ. എം. കെ. പ്രീത എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.